History

കുമളി ഗ്രാമപഞ്ചായത്തിന്റെ ചരിത്രം

പൊതുവിവരങ്ങള്‍-ചരിത്രം.

1.സ്ഥലനാമ ചരിത്രം

കുമിളി എന്ന സ്ഥലപ്പേര് രൂപപ്പെട്ടതിനെപ്പറ്റി രണ്ടു കാരണങ്ങള്‍ പറയപ്പെടുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ചതുപ്പു നിറഞ്ഞ പ്രദേശമായിരുന്നതിനാല്‍ ഇവിടെ ഭൂമിക്കടിയില്‍ നിന്നും വെള്ളം കുമിളകളായി പുറത്തുവന്നിരുന്നു എന്നും ഇതു കണ്ടവര്‍ കുമിളകള്‍ കണ്ട സ്ഥലത്തെ “കുമിളി” എന്നു വിളിച്ചതായും പറയപ്പെടുന്നു. അതല്ല തമിഴ്നാട്ടില്‍ നിന്നും പണ്ടെങ്ങോ വന്ന “കുമുളി” എന്നു പേരുള്ള ഒരു സ്ത്രീ ഇന്നത്തെ ബസ് സ്റ്റാന്‍ഡില്‍ മരിച്ചു കിടന്നതായും ആ സ്ത്രീയെ കാണാന്‍ വന്നവര്‍ ”കുമുളി”യെ കാണാന്‍ പോകുന്നു എന്നു പറഞ്ഞതായും പിന്നീട് ആ പദം പരിണമിച്ച് “കുമിളി” ആയതായും പറയപ്പെടുന്നു.

2.കുടിയേറ്റ ചരിത്രം

പഞ്ചായത്തില്‍ ജനവാസം ആരംഭിച്ചത് തേക്കടിയിലാണ്. കുളത്തുപാലത്തിനു വടക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന വയല്‍പ്രദേശത്താണ് ആദ്യമായി കൃഷി ആരംഭിച്ചത് എന്നു പറയുന്നു. എന്നാല്‍ ഇതിനു മുമ്പും നാണ്യവിളയായ ഏലകൃഷിയുണ്ടായിരുന്നു. ഏലം പ്രധാനമായും അന്ന് വനവിഭവമായിരുന്നു. 1944 മുതല്‍ 47 വരെയുള്ള കാലയളവില്‍ അമരാവതി ഒഴിച്ചുള്ള കുമിളിയുടെ മിക്കവാറും എല്ലാ മേഖലകളിലും ആളുകള്‍ വ്യാപകമായി കുടിയേറി. കുമിളി പഞ്ചായത്തില്‍പെട്ടതും 126 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നതും പഞ്ചായത്തിന്റെ 13-ാം വാര്‍ഡുമായിരുന്ന പമ്പാവലിയില്‍ കൂടുതല്‍ ഭക്ഷ്യോത്പാദനം ( ഗ്രോ മോര്‍ ഫുഡ്) എന്ന സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് തടിവെട്ടി നീക്കിയ പ്രദേശങ്ങള്‍ ലെവി ഈടാക്കിക്കൊണ്ടു കൃഷിക്കു കൊടുക്കുകയാണുണ്ടായത്. ഏക്കറിന് 5 പറ നെല്ലായിരുന്നു ലെവി നിശ്ചയിച്ചിരുന്നത്. ആങ്കുര്‍ ജന്മിമാരുടെയും മങ്കൊമ്പു സ്വാമിമാരുടെയും സാന്നിദ്ധ്യം കുമിളിയില്‍ ജന്മിത്വത്തിന്റെ വേരുപാകി. 1952 കാലമായപ്പോഴേക്ക് ജന്മിമാര്‍ കുടിയേറ്റക്കാരില്‍ നിന്നും നിര്‍ബന്ധിച്ചും ബലംപ്രയോഗിച്ചുമുള്ള പാട്ടപ്പിരിവ് തുടങ്ങി. ഇങ്ങനെ പിരിക്കുന്ന പാട്ടത്തിന് രസീത് കൊടുത്തിരുന്നില്ല. കുടിയേറ്റ കൃഷിക്കാര്‍ക്ക് വീടുവച്ചു താമസിക്കുന്നതിനുള്ള അനുവാദം പോലും നിഷേധിച്ചിരുന്നു. കേരള സര്‍ക്കാര്‍ അംഗീകരിച്ചു നടപ്പാക്കിയ ഭൂപരിഷ്കരണ നിയമമാണ് കേരളത്തിലെമ്പാടുമെന്നപോലെ പഞ്ചായത്തിലെ നൂറുകണക്കിനു കൃഷിക്കാര്‍ക്കും നേട്ടമുണ്ടാക്കിക്കൊടുത്തത്. ആങ്കുര്‍ ജന്മിമാരുടെയും മങ്കൊമ്പില്‍ സ്വാമിമാരുടെയും നൂറുകണക്കിനേക്കര്‍ ഭൂമിയിലെ കൈവശ കൃഷിക്കാരും പാട്ടകുടിയാന്‍മാരും ഈ നിയമത്തോടെ മണ്ണിന്റെ ഉടമകളായി മാറി. പഞ്ചായത്തിലെ ആദിവാസികള്‍ മന്നാന്‍, പളിയന്‍ എന്നീ രണ്ടു വിഭാഗക്കാര്‍ കുമിളി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ട്രൈബല്‍ സെറ്റില്‍മെന്റിലാണ് അധിവസിക്കുന്നത്. ഇവരുടെ മുന്‍ഗാമികള്‍ തമിഴ്നാട്ടിലെ മധുര ജില്ലയില്‍ താമസിച്ചിരുന്നവരാണ്. ആദിവാസികളുടെ പരമ്പരാഗത ആയുധങ്ങളായ തെറ്റാലി, അമ്പും വില്ലും, കവണ എന്നിവയാണ് ഇവര്‍ യുദ്ധത്തിന് ഉപയോഗിച്ചിരുന്നത്. ഒരു ഘട്ടത്തില്‍ മധുരയില്‍ നിന്നും നാടുവിടേണ്ടി വന്ന ഇവര്‍ പൂഞ്ഞാറ്റില്‍ തമ്പുരാന്റെ സഹായത്തോടെ തമിഴ്നാട്ടിലെ ഇന്നുകാണുന്ന ഗുഡല്ലൂര്‍ വഴി കുമിളിയിലെത്തി ചുറ്റുമുള്ള വനങ്ങളില്‍ കുടിയേറിപ്പാര്‍ത്തു. ആ കാലത്ത് ഇന്നത്തെ തമിഴ് നാട്ടിലുള്‍പ്പെട്ട മധുര ജില്ലയുടെ ഏറിയഭാഗവും പൂഞ്ഞാര്‍ തമ്പുരാക്കന്മാരുടെ വകയായിരുന്നുവെന്ന് പറയപ്പെടുന്നു.

3.വികസന ചരിത്രം

70 വര്‍ഷം മുമ്പ് തമിഴ്നാട്ടിലെ പാളയത്തുനിന്നും കുട്ടിക്കാനത്തേക്ക് കരിഗ്യാസ് ഉപയോഗിച്ച് ഓടിക്കുന്ന ബസ് സര്‍വ്വീസ് നടത്തിയിരുന്നു. 1914-ല്‍ കെ.കെ.റോഡ് പൂര്‍ണ്ണ സഞ്ചാരയോഗ്യമാക്കിത്തീര്‍ത്തു. 1935-ഓടു കൂടി ഇവിടെ അഞ്ചല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. തേക്കടിയിലായിരുന്നു ആദ്യത്തെ അഞ്ചലാഫീസ്. ഇക്കാലത്ത് കുമിളി ചങ്ങനാശ്ശേരി താലൂക്കിലും നെടുംകുന്നം പകുതിയിലും ഉള്‍പ്പെട്ടിരുന്നതായി പഴയകാല സര്‍ക്കാര്‍ രേഖകളില്‍ കാണുന്നു. 1890-ല്‍ ഇവിടെ പകുതിക്കച്ചേരി (വില്ലേജാഫീസ്) പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ ആസ്ഥാനവും തേക്കടിയിലായിരുന്നു. കുടിയേറ്റം ശക്തിപ്പെട്ടതോടുകൂടി എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങളുടെ ആത്മീയമേഖലയ്ക്കും അടിസ്ഥാനം ഉണ്ടാകാന്‍ തുടങ്ങി. ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ലൂര്‍ദ്പള്ളിയും, ക്ഷേത്രങ്ങളില്‍ ശ്രീമഹാഗണപതി ക്ഷേത്രവും, ഭദ്രകാളി ക്ഷേത്രവും, മുസ്ലീം ആരാധനാലയങ്ങളില്‍ കുമിളി ഷംസുല്‍ ഇസ്ലാം ജുമാമസ്ജിദുമാണ് ഇവിടുത്തെ ഏറ്റവും പഴക്കം ചെന്ന ആരാധനാലയങ്ങള്‍. അമരാവതിയിലെ കൃഷിക്കാര്‍ക്കുവേണ്ടി 1962-ല്‍ ആരംഭിച്ച പരസ്പര സഹായ സഹകരണസംഘമാണ് ഇന്നത്തെ അമരാവതി സര്‍വ്വീസ് സഹകരണ ബാങ്ക്. ഇത് കുമിളിയിലെ ആദ്യത്തെ സഹകരണ സ്ഥാപനമാണ്.

4. കാര്‍ഷിക ചരിത്രം

ഹൈറേഞ്ചിലെ ആദ്യത്തെ കുടിയേറ്റ കര്‍ഷകരുടെ നാടായ കുമിളി പഞ്ചായത്ത് ഈ നൂറ്റാണ്ടിന്റെ പകുതി കഴിഞ്ഞപ്പോഴേക്കും കാര്‍ഷിക രംഗത്ത് വമ്പിച്ച പുരോഗതിയും വളര്‍ച്ചയും നേടിയിരുന്നു. നാണ്യവിളയായ ഏലം കൃഷി മുന്‍പു തന്നെ ഇവിടെ ആരംഭിച്ചിരുന്നു. വണ്ടിപ്പെരിയാര്‍ മാര്‍ക്കറ്റിനെയാണ് അക്കാലത്ത് പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇവിടെ ഉത്പാദിപ്പിച്ചിരുന്ന കപ്പ തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചിരുന്നു. ഭൂരിപക്ഷ ജനവിഭാഗമായ കര്‍ഷകരുടെ ഉത്പന്നങ്ങളുടെ പ്രധാന വിപണന കേന്ദ്രം കുമിളി ടൌണാണ്. എന്നാല്‍ ചെറുഗ്രാമങ്ങളായ ചെങ്കര, വെള്ളാരംകുന്ന്, ഒന്നാംമൈല്‍, അമരാവതി സ്പ്രിംഗ് വാലി എന്നിവിടങ്ങളില്‍ മലഞ്ചരക്ക് ഉത്പന്നങ്ങളുടെ വിപണനം നടക്കുന്നുണ്ട്. 1940 കളുടെ ആരംഭം തൊട്ടുതന്നെ കുടിയേറ്റ കൃഷിക്കാര്‍ മൃഗസംരക്ഷണം ഒരു ഉപതൊഴിലായി സ്വീകരിച്ചിരുന്നു. ഉല്പാദനക്ഷമത കുറഞ്ഞ നാടന്‍ കറവമാടുകളെ തുറസ്സായ സ്ഥലങ്ങളില്‍ വിട്ടുമേയ്ക്കുകയാണ് ചെയ്തിരുന്നത്. വളരെ കുറഞ്ഞ അനുപാതത്തില്‍ എരുമകളെയും ആടുകളെയും കോഴികളെയും വളര്‍ത്തിയിരുന്നു.

5.സാംസ്ക്കാരിക ചരിത്രം

ഭൂമിശാസ്ത്രപരമായി തമിഴ്നാടിനോടു ചേര്‍ന്നു കിടക്കുന്ന ഇവിടെ മണ്ണിനെ പൊന്നാക്കുന്ന കര്‍ഷകരുടെ അദ്ധ്വാനത്തിന്റെ സൌന്ദര്യവും സംസ്കാരവും എല്ലാം ലയിച്ചു ചേര്‍ന്നിട്ടുണ്ട്. ആദ്യകാല കുടിയേറ്റക്കാര്‍ പരസ്പരം അദ്ധ്വാനം പങ്കിടുന്നതിനുവേണ്ടി നടത്തുമായിരുന്ന മാറ്റാള്‍പണിയോടൊത്ത് അവര്‍ ഉള്ളം തെളിഞ്ഞു പാടിയ “മാറ്റാള്‍പാട്ടു”കളായിരിക്കാം ഒരു പക്ഷെ കുമിളി ഗ്രാമത്തിന്റെ കലയുടെയും സംസ്കാരത്തിന്റെയും ആദ്യത്തെ ഉറവിടം. മഹാരാജാക്കന്മാരുടെ കാലത്ത് അവരെ സ്വീകരിക്കാന്‍ അന്നത്തെ കുമിളി നിവാസികള്‍ പാടിയ രാജഭക്തി സ്തുതിഗാനങ്ങള്‍, കാട്ടുവര്‍ഗ്ഗക്കാരുടെ വേടന്‍പാട്ടുകള്‍, നൃത്തം എന്നിങ്ങനെ നിരവധി സങ്കേതങ്ങള്‍ പഴയ ചരിത്രത്തില്‍ കാണാം. ഏതാണ്ട് 40-45 വര്‍ഷങ്ങള്‍ക്കുമുമ്പ് കുമിളിയുടെ സാംസ്ക്കാരിക ചരിത്രത്തിന് അടിത്തറ പാകിയെന്നു പറയാം. പുരോഗമനവാദിയും തികഞ്ഞ ഗാന്ധിയനും ധിഷണാശാലിയുമായ അച്യുതന്‍ മാഷ് മുന്‍കൈയെടുത്ത് ഇവിടെ ആരംഭിച്ച വായനശാലയാണ് കുമിളിയിലെ ആദ്യകാല ഗ്രാമീണ വായനശാല.

ജില്ല:ഇടുക്കി


ബ്ലോക്ക്:അഴുത


വിസ്തീര്‍ണ്ണം:816.73ച.കി.മീ.


വാര്‍ഡുകളുടെ എണ്ണം:20


ജനസംഖ്യ:33722


പുരുഷന്‍മാര്‍:17273


സ്ത്രീകള്‍:16449


ജനസാന്ദ്രത:412


സ്ത്രീ : പുരുഷ അനുപാതം:952


മൊത്തം സാക്ഷരത:84


സാക്ഷരത(പുരുഷന്‍മാര്‍):89

സാക്ഷരത (സ്ത്രീകള്‍):78


Source : Census data 2001

6.കുമിളിയുടെ ചരിത്രം-പ്രത്യേകതകള്‍

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍ അഴുത ബ്ലോക്ക് പരിധിയില്‍ കുമിളി, പെരിയാര്‍, എരുമേലി തെക്ക് എന്നീ വില്ലേജുകളില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് കുമിളി ഗ്രാമപഞ്ചായത്ത്. വിശ്വപ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയുടെ കവാടത്തിലുള്ള പട്ടണമാണ് കുമിളി. 816.73 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ തെക്കുഭാഗത്ത് പത്തനംതിട്ട ജില്ലയും, കിഴക്കുഭാഗത്ത് തമിഴ്നാടും, വടക്കുഭാഗത്തു ചക്കുപള്ളം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വണ്ടിപ്പെരിയാര്‍ പഞ്ചായത്തുമാണ്. പശ്ചിമ ഘട്ട മലനിരകളില്‍ തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന കുമിളി പഞ്ചായത്ത് സമുദ്രനിരപ്പില്‍ നിന്നും 3500 മുതല്‍ 4600 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. പ്രകൃതി സൌന്ദര്യവും കാലാവസ്ഥയും ഒത്തിണങ്ങിയിട്ടുള്ള പഞ്ചായത്തിന്റെ സിംഹഭാഗവും നിത്യഹരിതവനങ്ങളാണ്. 816.73 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ 777.54 ചതുരശ്ര കിലോമീറ്ററും പെരിയാര്‍ വന്യമൃഗസംരക്ഷണകേന്ദ്രമാണ്. കുന്നുകള്‍, ചരിവ്, സമതലം, താഴ്വരകള്‍, അങ്ങിങ്ങായി കുറെ പാറക്കെട്ടുകള്‍, ചതുപ്പുകള്‍ എന്നീ പ്രകാരത്തിലാണ് ഇവിടുത്തെ ഭൂപ്രകൃതി. മുല്ലപ്പെരിയാര്‍ ജലസംഭരണിയും പെരിയാര്‍ ശുദ്ധജല തടാകവും കുമിളി പഞ്ചായത്തിലാണ്. പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന കുമിളി പഞ്ചായത്തിലെ ജനങ്ങളുടെ ഒരു പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷിയും മൃഗസംരക്ഷണവുമാണ്. ടൂറിസ്റ്റ് കേന്ദ്രമായ തേക്കടി, പുരാതനക്ഷേത്രമായ മംഗളാദേവി എന്നിവ ഈ പഞ്ചായത്തില്‍ ആണ്. അതോടൊപ്പം തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമെന്ന നിലയില്‍ കുമിളിക്ക് ഏറെ പ്രാധാന്യമുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിനായി ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാര്‍ അയല്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും ഇതുവഴി വന്നു പോകാറുണ്ട്. 1914-ല്‍ കോട്ടയത്തോടൊപ്പം കുമിളി എന്ന സ്ഥലനാമവും സര്‍ക്കാര്‍ അംഗീകരിച്ചു. ഏലമായിരുന്നു അന്നത്തെ മുഖ്യവിപണനവസ്തു. ഒരു റാത്തല്‍ ഏലത്തിന് 5 മുതല്‍ 7 വരെ രൂപയായിരുന്നു വില. തടിവ്യാപാരരംഗത്തും കുമിളി ശ്രദ്ധിക്കപ്പെട്ടിരുന്നു. 1955 മുതല്‍ ഇവിടെ ആരംഭിച്ച തടി ഡിപ്പോ ഇപ്പോഴുമുണ്ട്. വിവിധതരത്തില്‍പ്പെട്ട വ്യാപാരത്തോടൊപ്പം ടൂറിസം വ്യവസായം കുമിളിയെ പ്രശസ്തിയിലേക്ക് നയിച്ചിട്ടുണ്ട്. ഇടുക്കി പദ്ധതിക്കുവേണ്ടി അയ്യപ്പന്‍ കോവിലില്‍‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട കൃഷിക്കാര്‍ അവരെ കുടിയിരുത്തുന്നതിനുവേണ്ടി നടത്തിയ സമരം പഞ്ചായത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. മാത്രമല്ല ഒഴിപ്പിക്കപ്പെടുന്ന കൃഷിക്കാര്‍ക്ക് പകരം ഭൂമിയും നഷ്ടപരിഹാരവും നല്‍കണമെന്ന വ്യവസ്ഥ കേരളസര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. പഞ്ചായത്തിലെ അതിപുരാതനമായ ഒരു ചരിത്ര സ്മാരകമാണ് കുമിളിയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രം. കണ്ണകിയാണ് ഇവിടുത്തെ പ്രതിഷ്ഠ. സമുദ്രനിരപ്പില്‍ നിന്നും 4666 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൂര്‍ണ്ണമായും കരിങ്കല്ലില്‍ നിര്‍മ്മിച്ചിട്ടുള്ളതും കൊത്തുപണികളോടു കൂടിയതുമായ ക്ഷേത്രം പൂഞ്ഞാര്‍ രാജകൊട്ടാരം വക ആയിരുന്നു. 101 വര്‍ഷങ്ങള്‍ പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം പഞ്ചായത്തിന്റെ ചരിത്രത്തിലെ ഒരിതിഹാസമാണ്. കേണല്‍ ഫെന്നിക്യൂക്ക് എന്ന ബ്രിട്ടീഷ് എന്‍ജിനീയര്‍ (മിലിട്ടറി എന്‍ജിനീയര്‍) ആണ് ഡാം നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. പണി പൂര്‍ത്തിയാകാന്‍ 9 വര്‍ഷം എടുത്തു. 158 അടി ഉയരവും 12 അടി വീതിയും 1200 അടി നീളവുമുള്ള ഈ ഡാം സുര്‍ക്കി കോണ്‍ക്രീറ്റ് ഉപയോഗിച്ചാണു നിര്‍മ്മിച്ചിട്ടുള്ളത്. 1953 ഡിസംബര്‍ മാസം 26-ാം തിയതി കുമിളി പഞ്ചായത്ത് രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 1934-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് തേക്കടി ഉള്‍പ്പെട്ട നെല്ലിക്കാംപെട്ടി വനപ്രദേശത്തെ വന്യമൃഗസംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചു. 1950-ല്‍ നെല്ലിക്കാംപെട്ടി റിസര്‍വ്വിന്റെ കൂടെ പെരിയാറിലേക്ക് ശബരിമല തുടങ്ങിയ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ പെരിയാര്‍ വന്യമൃഗസങ്കേതകേന്ദ്രത്തിന്റെ വിസ്തീര്‍ണ്ണം 777.54 ചതുരശ്ര കിലോമീറ്റര്‍ ആയി. 1978-ല്‍ ആണ് പെരിയാര്‍ വന്യമൃഗസംരക്ഷണകേന്ദ്രം വംശനാശ ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കുന്നതിന് പ്രൊജക്ട് ടൈഗര്‍ ആയി പ്രഖ്യാപിക്കപ്പെട്ടത്. വളരെക്കാലം മുമ്പു തന്നെ ഇവിടെ വിനോദ സഞ്ചാരികള്‍ വന്നിരുന്നു. ടൂറിസം വകുപ്പു തേക്കടിയില്‍ പണികഴിപ്പിച്ച ഹോട്ടല്‍ 1952-ല്‍ ഉദ്ഘാടനം നിര്‍വഹിച്ച് ആരണ്യനിവാസ് എന്നു നാമകരണം ചെയ്തത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആണെന്നത് തേക്കടിയുടെ വിനോദസഞ്ചാരചരിത്രത്തിന്റെ പ്രാധാന്യം തെളിയിക്കുന്ന സംഗതിയാണ്. പച്ചക്കാനം എസ്റ്റേറ്റിലേക്ക് മെയില്‍ കൊണ്ടുപോകുന്നതിന് ആരംഭിച്ചതാണ് തേക്കടിയിലെ ആദ്യത്തെ ബോട്ട് സര്‍വ്വീസ്.